ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തുടർച്ചയായി രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ല്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള് ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം.
അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമമാണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്.
ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിൻന്റെ ഐക്യമാണ് ഇത് കാണിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.